August 11, 2010

ചെറുകഥ ::- ഡബിള്‍ ലാര്‍ജ്ജ്


ശനിയാഴ്ച്ചകളില്‍ രണ്ട് പെഗ്ഗ് പതിവുണ്ട്. സുഹൃത്തക്കളൊടൊപ്പം മദ്യപ്പിക്കുന്നത് അയാള്‍ പണ്ടേ നിര്‍ത്തിയതാണ്. ഓവറാകും എന്ന ബോധ്യമുള്ളതിനാല്‍ അത്തരം ക്ഷണങ്ങള്‍ സ്നേഹപൂര്‍വ്വം ഒഴിവാക്കും. ഏകനായി മദ്യപ്പിക്കുന്നതിലെ സുഖവും മടുപ്പും ഇന്ന് ലഹരിയാണ്.

ഇരുട്ടു വീണു തുടങ്ങിയപ്പോഴാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. ജോലി സ്ഥലത്തിന് സമീപത്തു തന്നെ ബാറുണ്ട്. സഹപ്രവര്‍ത്തകരുടെ കടന്നുകയറ്റത്തില്‍ നിന്നും രക്ഷപെടാന്‍ അവിടെ നിന്നും മദ്യപിക്കാറില്ല. മാന്യതാ ലേബല്‍ കാത്തുസൂക്ഷിക്കാനും കൂടിയാണത്. നഗരത്തിന്റെ തിരക്കില്‍ നിന്നും ഇരുട്ടിന്റെ കൂട്ടുപിടിച്ച് അയാള്‍ സ്ഥിരം താവളത്തിലേക്ക് നടന്നു.

ബാറില്‍ തിരക്കു തുടങ്ങുന്നേയുള്ളു. നാലാമത്തെ മേശയില്‍ മതിലിനോട് ചേര്‍ന്നു കിടക്കുന്ന കസേരയില്‍ അയാള്‍ ഇരുന്നു. കണ്ടു പരിചയമുള്ള മുഖങ്ങള്‍ ഒന്നുമില്ല, അയാള്‍ അത് ശ്രദ്ധിച്ചതുമില്ല. അച്ചാറും മദ്യവും ഭക്ഷണവും, സിഗററ്റ് പുകയും കൂടിച്ചേര്‍ന്നുള്ള അന്തരീക്ഷത്തില്‍ അയാളും ഭാഗമായി. കൂട്ടിന് എരിയുന്ന സിഗററ്റും രണ്ട് ഡബിള്‍ ലാര്‍ജ്ജും!!

ചെറുകഥ ::- സ്നേഹം

വിരസത അഴിഞ്ഞാടിയ ദിവസമായിരുന്നു അയാള്‍ക്ക് അന്ന് ഓഫീസില്‍. അതിന്റെ അവസാനം ബാറിലേക്ക് തന്നെയെന്ന് ഉറപ്പിച്ചാണ് കസേരയില്‍ ചാരിയിരുന്ന് ഫയലുകളില്‍ കുത്തിക്കുറിച്ചത്. ഭിത്തിയിലെ പഴഞ്ചന്‍ ക്ളോക്കിന്റെ സൂചികള്‍ക്ക് അഞ്ച് മണിയിലേക്ക് നടന്നടുക്കാന്‍ ഇനിയുമുണ്ട് ദൂരം!!

സിനിമാ തിരക്കഥാകൃത്താകാന്‍ കൊതിച്ചിരുന്ന ക്രിയാത്മക മനസ്സിനെ കടിഞ്ഞാണിട്ട് സര്‍ക്കാരിന്റെ തൊഴിലാളിയാകാന്‍ തുനിഞ്ഞ നിമിഷത്തെ ശപിക്കാന്‍ അയാള്‍ക്കാവില്ല. രോഗം നിഴല്‍ വീഴ്ത്തിയ അമ്മയേ യും ആത്മഹത്യയെ പ്രണയിച്ചിരുന്ന രണ്ടു സഹോദരിമാ രെയും ആശ്വാസിപ്പിക്കാന്‍ തുണയായത് ആ തൊഴിലാണ്...

ഇന്ന് അയാള്‍ ഒരു ഭര്‍ത്താവാണ്... നാലു വയസ്സുകാരിയുടെ ഡാഡിയും... ആ രണ്ടുപേരുടേയും സ്നേഹം ഒരു സുഖം തന്നെയാണ്...പക്ഷേ അയാള്‍ സ്നേഹിച്ചിരുന്ന സിനിമ അയാളില്‍ നിന്നകന്നു!!!

May 29, 2010

ചെറുകഥ ::- പെറ്റി

കാക്കി ഇട്ടവന്മാരെയെല്ലാം പ്രാകിക്കൊണ്ട് അയാള്‍ സ്കൂട്ടറിന്റെ ആക്സിലറേറ്റര്‍ തിരിച്ചു.

'PRESS' എന്ന് വണ്ടിയുടെ നെറ്റിയില്‍ വെണ്ടയ്ക്ക പോലെ ഒട്ടിച്ചിരുന്നിട്ടും ആ നാറികള്‍ വണ്ടി തടഞ്ഞ് പെറ്റി അടിച്ചു. ഹെല്‍മറ്റ് വയ്ക്കണമത്രേ!! മന്ത്രി കണ്ണടച്ചു പെറ്റി വാങ്ങാനും പറഞ്ഞിട്ടുണ്ടെന്ന്!!

പത്രത്തിലാണെന്ന് അല്പം ഗൌരവത്തില്‍ പറഞ്ഞിട്ടും വല്ല്യ മൈന്റൊന്നുമില്ലാതെ എസ്. ഐ വിലാസം തിരക്കി. അടുത്തു തന്നെ മറ്റു ചിലരും പെറ്റി അടയ്ക്കാന്‍ നിന്നതിനാല്‍ പത്രത്തിന്റെ പേരൊന്നും വെളിപ്പെടുത്തി അതിന്റെ വില കൂടി നശിപ്പിക്കണ്ടെന്ന് കരുതി പോക്കറ്റില്‍ നിന്നും നൂറിന്റെ നോട്ട് നല്‍കി അധികം ഭംഗിയൊന്നുമില്ലാത്ത ആ ചാര കടലാസ് കൈയ്യില്‍ വാങ്ങി...

പൊലീസ് ഹെല്‍മറ്റ് വേട്ടയ്ക്ക് നില്‍ക്കുന്ന സ്പോട്ട് കഴിഞ്ഞ ദിവസം പത്രത്തിന്റെ രണ്ടാം പേജില്‍ കൊടുത്ത തനിക്ക് തന്നെ കിട്ടി പെറ്റി/.....

ട്രാഫിക് സിഗനലിന്റെ ചുവന്ന പ്രകാശം കണ്ണിലൂടെ തലയ്ക്ക് പ്രവര്‍ത്തന സിഗ്നല്‍ നല്‍കിയപ്പോള്‍ ബ്രേക്കില്‍ കാല്‍ ആഞ്ഞമര്‍ത്തി. നൂറു രൂപ പോയതിന്റെ ദേഷ്യം തന്നോട് തീര്‍ത്തെന്ന തോന്നല്‍ സ്കൂട്ടറിന് ഉണ്ടായെന്ന് തോന്നുന്നു.... നീണ്ട ഞരക്കത്തോടെ അത് നിന്നു.

പത്രക്കാരന്മാര്‍ക്ക് പണ്ടേ പോലെ ഒരു വിലയുമില്ല- ജേണലിസം ക്ളാസിലെ ഗുരുക്കള്‍ പറയാറുള്ള വാചകം അയാള്‍ ഓര്‍ത്തു, പിന്നല്ലേ അത്രയൊന്നും ബൈലൈനുകളുടെ പാരമ്പര്യം ഇല്ലാത്ത തനിക്ക്.

'സാറിന് ഒരു കാറു വാങ്ങിക്കൂടേ, വെറുതേ അവന്മാരുടെ മുന്നില്‍ നില്‍ക്കേണ്ടി വരുമായിരുന്നോ??'- അപ്രതീക്ഷിതമായ ചോദ്യം കേട്ട് അയാള്‍ വശത്തേക്ക് നോക്കി.. തന്റെ ഓഫീസിലെ മാര്‍ക്കറ്റിങ് സെക്ഷനില്‍ അടുത്തിടെ വന്ന പയ്യനാണ്. മറുപടിയായി അയാള്‍ ചിരിച്ചു.

സിഗ്നല്‍ മാറിയപ്പോള്‍ അയാള്‍ തന്റെ സ്കൂട്ടര്‍ പതിയെ ചലിപ്പിച്ചു.

അന്നത്തെ വാര്‍ത്തകളിലെല്ലാം അര്‍ദ്ധ മനസ്സോടെയായിരുന്നു അയാളുടെ ശ്രദ്ധ. കാറു വാങ്ങണമെന്ന അയാളുടെ വല്ല്യ ആഗ്രഹം ഒന്നുകൂടി ദൃഢമായി.

സാധാരണക്കാരനായി ടാറ്റ നിര്‍മ്മിച്ച നാനോ കാറുകളില്‍ ഒരെണ്ണത്തിനെ അടുത്ത ദിവസങ്ങളില്‍ അയാള്‍ സ്വന്തമാക്കി. ഒപ്പം പുതുതലമുറ ബാങ്കില്‍ നിന്നൊരു വായ്പയ്ക്കും അടിമയായി.

കാറെടുത്ത രണ്ടാമത്തെ ദിവസം പത്രം ഓഫീസില്‍ നിന്നുള്ള മടക്കയാത്രയില്‍ വീണ്ടും കാക്കി സംഘം അയാളെ തടഞ്ഞു. എന്തിനാണ് തടഞ്ഞതെന്ന ഭാവത്തില്‍ കാര്‍ ഒതുക്കി ഇറങ്ങിയ അയാളുടെ നേര്‍ക്ക് എസ്.ഐ പെറ്റി രസീത് നീട്ടി... സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള പെറ്റിയാണ്....

കാറിന്റെ താക്കോള്‍ മുറുകെ പിടിച്ചു തന്നെ അയാള്‍ രസീതിനായി കൈ നീട്ടി!!!

May 20, 2010

ചെറുകഥ ::- ശല്യം

അവള്‍ അവനെ വിളിക്കാത്ത ദിവസങ്ങളില്ല... പക്ഷേ അവനില്‍ നിന്നും തണുപ്പന്‍ പ്രതികരണം, ഒപ്പം സ്വരത്തില്‍ ഒരു പുച്ഛവും. ഇത്രയും ഒരു അവഗണന അവള്‍ മുന്‍പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. 

ഒടുവില്‍ ഇന്നത്തോടെ എല്ലാം മതിയാക്കണമെന്ന് അവള്‍ നിശ്ചയിച്ചു. 'യെസ്' ആയാലും 'നോ' ആയാലും ഇനി ആ മനുഷ്യനെ വിളിക്കില്ല. അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു. 94475212...

അവന്‍ ഫോണ്‍ എടുത്തു. 

സര്‍ ഞാന്‍ റീനയാണ്, ഇന്നലെയും വിളിച്ചിരുന്നു... ഞാന്‍ പറഞ്ഞ കാര്യം ഒന്നു കൂടി ആലോച്ചിച്ചുവോ?

എന്തു ശല്ല്യമാണിത്. എത്ര ദിവസമായി പറയുന്നു എനിക്ക് താല്‍പര്യമില്ലെന്ന്.

ഇല്ല, ഇനിയും താഴ്ന്നു കൊടുക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല. 

സോറി സര്‍ ഇനി ബുദ്ധിമുട്ടിക്കുകയില്ല, അവള്‍ ഫോണ്‍ കട്ട് ചെയ്തു. 

തന്റെ ലിസ്റ്റിലുള്ള അടുത്ത നമ്പരിലേക്ക് അവള്‍ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ ഒരു പരുക്കന്‍ ശബ്ദം.

ഹലോ, ഗുഡ് മോണിംഗ് സര്‍, എന്റെ പേര് റീന.. ഞാന്‍ IBFI ഇന്‍ഷ്വറന്‍സില്‍ നിന്നാണ്. സാറിന് ഇന്‍ഷ്വറന്‍സ് ഉണ്ടോ? ഞങ്ങളുടെ പുതിയ പ്ളാന്‍ സാറിനെ പരിചയപ്പെടുത്താനാണ്......!!!

ചെറുകഥ ::- പുക

സ്വയം ഇങ്ങനെ നീറിപ്പുകയുന്നത് എന്തിനാണ്? പലപ്പോഴും അവന്‍ ചിന്തിച്ചിട്ടുള്ളതാണ്... എന്നാലും ഈ പുക അവന്റെ ഏകാന്തതയിലെ തോഴനാണ്, പ്രശ്നങ്ങളില്‍ നിന്നും ഒഴിവാകാനുള്ള ആശ്വാസത്തിന്റെ വഴിയാണ്!

എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഉള്ള ശീലമാണ്. എല്ലാം സ്വയം ഉള്ളിലൊതുക്കാന്‍ വേണ്ടി തുടങ്ങിയ ശീലം. അന്നൊക്കെ അത് പരമ രഹസ്യമായിരുന്നു. ഇന്ന് അവന്‍ വളര്‍ന്നു. ഒരേ പോലെ നീറിപ്പുകയുന്ന ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. തനിയേ പുകയുന്നവരോട് തന്റെ ഉള്ളിലെ നീറ്റല്‍ പറഞ്ഞ് ബോറടിപ്പിക്കാതെ ചുണ്ടില്‍ ചിരി വരുത്തിക്കൊണ്ട് പുക വിടുന്ന സംഘത്തിലെ മുഖ്യ അംഗമാണ് അവനും!!

പെട്ടെന്ന് അവന്റെ തോളില്‍ ആരോ സ്പര്‍ശിച്ചു... ഒപ്പം ഒരു ആജ്ഞയും തീ താടാ തടിയാ...

വിരലിന്‍ തുമ്പിലിരുന്ന് പകുതി എരിഞ്ഞടങ്ങിയ സിഗരറ്റ് കുറ്റി അവന്‍ നീട്ടി... ഉള്ളില്‍ പിടിച്ച് നിര്‍ത്തിയ പുക മൂക്കിലൂടെ സ്വതന്ത്രമാവുന്നത് അവന്‍ അറിഞ്ഞില്ലെന്ന് നടിച്ചു.

ചെറുകഥ ::- മടുപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നും അവളുടെ ശബ്ദം അവന്‍ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സ്നോഹപൂര്‍വ്വമുള്ള ആ ഉപദേശം കേള്‍ക്കാതെ വയ്യെന്നായി. 

ആരുമില്ലാതിരിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ജനലിനരുകിലുള്ള കട്ടിലില്‍ ഇരുന്ന് അവന്‍ ആ ശബ്ദം കേള്‍ക്കാനായി വിളിക്കും. അല്ല ഇനിയിപ്പോള്‍ അരുണ്ടെങ്കിലും അവള്‍ പറയാനുള്ളത് പറയും. അതിനുള്ള അധികാരം അവള്‍ക്കുണ്ടല്ലോ.

എന്നും അവളെ ബുദ്ധിമുട്ടിക്കുന്നതില്‍ അവന് മടുപ്പ് തോന്നിയിട്ടുമില്ല. തോന്നിയിട്ടും കാര്യമൊന്നുമില്ല. ഇത്രയും ആലോചിച്ചു അവന്‍ അക്കങ്ങള്‍ മങ്ങിയ മൊബൈല്‍ ഫോണ്‍ കീപ്പാഡില്‍ വെറുതേ ഒരു നമ്പര്‍ ഞെക്കി കോള്‍ ചെയ്തു. അവളുടെ വാക്കുകള്‍ക്കായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു.

--യൂ ആര്‍ നോട്ട് അലൌഡ് ടു മേക്ക് എ കോള്‍, പ്ളീസ് റീച്ചാര്‍ജ് ഇമ്മീഡിയറ്റിലി ടു അവോയിഡ് അണ്‍ഇന്ററപ്റ്റഡ് സര്‍വീസസ്. താങ്ക് യു...

അവന്‍ ചുവന്ന ബട്ടണില്‍ വിലലമര്‍ത്തി....