May 20, 2010

ചെറുകഥ ::- ശല്യം

അവള്‍ അവനെ വിളിക്കാത്ത ദിവസങ്ങളില്ല... പക്ഷേ അവനില്‍ നിന്നും തണുപ്പന്‍ പ്രതികരണം, ഒപ്പം സ്വരത്തില്‍ ഒരു പുച്ഛവും. ഇത്രയും ഒരു അവഗണന അവള്‍ മുന്‍പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. 

ഒടുവില്‍ ഇന്നത്തോടെ എല്ലാം മതിയാക്കണമെന്ന് അവള്‍ നിശ്ചയിച്ചു. 'യെസ്' ആയാലും 'നോ' ആയാലും ഇനി ആ മനുഷ്യനെ വിളിക്കില്ല. അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു. 94475212...

അവന്‍ ഫോണ്‍ എടുത്തു. 

സര്‍ ഞാന്‍ റീനയാണ്, ഇന്നലെയും വിളിച്ചിരുന്നു... ഞാന്‍ പറഞ്ഞ കാര്യം ഒന്നു കൂടി ആലോച്ചിച്ചുവോ?

എന്തു ശല്ല്യമാണിത്. എത്ര ദിവസമായി പറയുന്നു എനിക്ക് താല്‍പര്യമില്ലെന്ന്.

ഇല്ല, ഇനിയും താഴ്ന്നു കൊടുക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല. 

സോറി സര്‍ ഇനി ബുദ്ധിമുട്ടിക്കുകയില്ല, അവള്‍ ഫോണ്‍ കട്ട് ചെയ്തു. 

തന്റെ ലിസ്റ്റിലുള്ള അടുത്ത നമ്പരിലേക്ക് അവള്‍ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ ഒരു പരുക്കന്‍ ശബ്ദം.

ഹലോ, ഗുഡ് മോണിംഗ് സര്‍, എന്റെ പേര് റീന.. ഞാന്‍ IBFI ഇന്‍ഷ്വറന്‍സില്‍ നിന്നാണ്. സാറിന് ഇന്‍ഷ്വറന്‍സ് ഉണ്ടോ? ഞങ്ങളുടെ പുതിയ പ്ളാന്‍ സാറിനെ പരിചയപ്പെടുത്താനാണ്......!!!

ചെറുകഥ ::- പുക

സ്വയം ഇങ്ങനെ നീറിപ്പുകയുന്നത് എന്തിനാണ്? പലപ്പോഴും അവന്‍ ചിന്തിച്ചിട്ടുള്ളതാണ്... എന്നാലും ഈ പുക അവന്റെ ഏകാന്തതയിലെ തോഴനാണ്, പ്രശ്നങ്ങളില്‍ നിന്നും ഒഴിവാകാനുള്ള ആശ്വാസത്തിന്റെ വഴിയാണ്!

എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഉള്ള ശീലമാണ്. എല്ലാം സ്വയം ഉള്ളിലൊതുക്കാന്‍ വേണ്ടി തുടങ്ങിയ ശീലം. അന്നൊക്കെ അത് പരമ രഹസ്യമായിരുന്നു. ഇന്ന് അവന്‍ വളര്‍ന്നു. ഒരേ പോലെ നീറിപ്പുകയുന്ന ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. തനിയേ പുകയുന്നവരോട് തന്റെ ഉള്ളിലെ നീറ്റല്‍ പറഞ്ഞ് ബോറടിപ്പിക്കാതെ ചുണ്ടില്‍ ചിരി വരുത്തിക്കൊണ്ട് പുക വിടുന്ന സംഘത്തിലെ മുഖ്യ അംഗമാണ് അവനും!!

പെട്ടെന്ന് അവന്റെ തോളില്‍ ആരോ സ്പര്‍ശിച്ചു... ഒപ്പം ഒരു ആജ്ഞയും തീ താടാ തടിയാ...

വിരലിന്‍ തുമ്പിലിരുന്ന് പകുതി എരിഞ്ഞടങ്ങിയ സിഗരറ്റ് കുറ്റി അവന്‍ നീട്ടി... ഉള്ളില്‍ പിടിച്ച് നിര്‍ത്തിയ പുക മൂക്കിലൂടെ സ്വതന്ത്രമാവുന്നത് അവന്‍ അറിഞ്ഞില്ലെന്ന് നടിച്ചു.

ചെറുകഥ ::- മടുപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നും അവളുടെ ശബ്ദം അവന്‍ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സ്നോഹപൂര്‍വ്വമുള്ള ആ ഉപദേശം കേള്‍ക്കാതെ വയ്യെന്നായി. 

ആരുമില്ലാതിരിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലെ ജനലിനരുകിലുള്ള കട്ടിലില്‍ ഇരുന്ന് അവന്‍ ആ ശബ്ദം കേള്‍ക്കാനായി വിളിക്കും. അല്ല ഇനിയിപ്പോള്‍ അരുണ്ടെങ്കിലും അവള്‍ പറയാനുള്ളത് പറയും. അതിനുള്ള അധികാരം അവള്‍ക്കുണ്ടല്ലോ.

എന്നും അവളെ ബുദ്ധിമുട്ടിക്കുന്നതില്‍ അവന് മടുപ്പ് തോന്നിയിട്ടുമില്ല. തോന്നിയിട്ടും കാര്യമൊന്നുമില്ല. ഇത്രയും ആലോചിച്ചു അവന്‍ അക്കങ്ങള്‍ മങ്ങിയ മൊബൈല്‍ ഫോണ്‍ കീപ്പാഡില്‍ വെറുതേ ഒരു നമ്പര്‍ ഞെക്കി കോള്‍ ചെയ്തു. അവളുടെ വാക്കുകള്‍ക്കായി ഫോണ്‍ ചെവിയില്‍ ചേര്‍ത്തു.

--യൂ ആര്‍ നോട്ട് അലൌഡ് ടു മേക്ക് എ കോള്‍, പ്ളീസ് റീച്ചാര്‍ജ് ഇമ്മീഡിയറ്റിലി ടു അവോയിഡ് അണ്‍ഇന്ററപ്റ്റഡ് സര്‍വീസസ്. താങ്ക് യു...

അവന്‍ ചുവന്ന ബട്ടണില്‍ വിലലമര്‍ത്തി....