May 29, 2010

ചെറുകഥ ::- പെറ്റി

കാക്കി ഇട്ടവന്മാരെയെല്ലാം പ്രാകിക്കൊണ്ട് അയാള്‍ സ്കൂട്ടറിന്റെ ആക്സിലറേറ്റര്‍ തിരിച്ചു.

'PRESS' എന്ന് വണ്ടിയുടെ നെറ്റിയില്‍ വെണ്ടയ്ക്ക പോലെ ഒട്ടിച്ചിരുന്നിട്ടും ആ നാറികള്‍ വണ്ടി തടഞ്ഞ് പെറ്റി അടിച്ചു. ഹെല്‍മറ്റ് വയ്ക്കണമത്രേ!! മന്ത്രി കണ്ണടച്ചു പെറ്റി വാങ്ങാനും പറഞ്ഞിട്ടുണ്ടെന്ന്!!

പത്രത്തിലാണെന്ന് അല്പം ഗൌരവത്തില്‍ പറഞ്ഞിട്ടും വല്ല്യ മൈന്റൊന്നുമില്ലാതെ എസ്. ഐ വിലാസം തിരക്കി. അടുത്തു തന്നെ മറ്റു ചിലരും പെറ്റി അടയ്ക്കാന്‍ നിന്നതിനാല്‍ പത്രത്തിന്റെ പേരൊന്നും വെളിപ്പെടുത്തി അതിന്റെ വില കൂടി നശിപ്പിക്കണ്ടെന്ന് കരുതി പോക്കറ്റില്‍ നിന്നും നൂറിന്റെ നോട്ട് നല്‍കി അധികം ഭംഗിയൊന്നുമില്ലാത്ത ആ ചാര കടലാസ് കൈയ്യില്‍ വാങ്ങി...

പൊലീസ് ഹെല്‍മറ്റ് വേട്ടയ്ക്ക് നില്‍ക്കുന്ന സ്പോട്ട് കഴിഞ്ഞ ദിവസം പത്രത്തിന്റെ രണ്ടാം പേജില്‍ കൊടുത്ത തനിക്ക് തന്നെ കിട്ടി പെറ്റി/.....

ട്രാഫിക് സിഗനലിന്റെ ചുവന്ന പ്രകാശം കണ്ണിലൂടെ തലയ്ക്ക് പ്രവര്‍ത്തന സിഗ്നല്‍ നല്‍കിയപ്പോള്‍ ബ്രേക്കില്‍ കാല്‍ ആഞ്ഞമര്‍ത്തി. നൂറു രൂപ പോയതിന്റെ ദേഷ്യം തന്നോട് തീര്‍ത്തെന്ന തോന്നല്‍ സ്കൂട്ടറിന് ഉണ്ടായെന്ന് തോന്നുന്നു.... നീണ്ട ഞരക്കത്തോടെ അത് നിന്നു.

പത്രക്കാരന്മാര്‍ക്ക് പണ്ടേ പോലെ ഒരു വിലയുമില്ല- ജേണലിസം ക്ളാസിലെ ഗുരുക്കള്‍ പറയാറുള്ള വാചകം അയാള്‍ ഓര്‍ത്തു, പിന്നല്ലേ അത്രയൊന്നും ബൈലൈനുകളുടെ പാരമ്പര്യം ഇല്ലാത്ത തനിക്ക്.

'സാറിന് ഒരു കാറു വാങ്ങിക്കൂടേ, വെറുതേ അവന്മാരുടെ മുന്നില്‍ നില്‍ക്കേണ്ടി വരുമായിരുന്നോ??'- അപ്രതീക്ഷിതമായ ചോദ്യം കേട്ട് അയാള്‍ വശത്തേക്ക് നോക്കി.. തന്റെ ഓഫീസിലെ മാര്‍ക്കറ്റിങ് സെക്ഷനില്‍ അടുത്തിടെ വന്ന പയ്യനാണ്. മറുപടിയായി അയാള്‍ ചിരിച്ചു.

സിഗ്നല്‍ മാറിയപ്പോള്‍ അയാള്‍ തന്റെ സ്കൂട്ടര്‍ പതിയെ ചലിപ്പിച്ചു.

അന്നത്തെ വാര്‍ത്തകളിലെല്ലാം അര്‍ദ്ധ മനസ്സോടെയായിരുന്നു അയാളുടെ ശ്രദ്ധ. കാറു വാങ്ങണമെന്ന അയാളുടെ വല്ല്യ ആഗ്രഹം ഒന്നുകൂടി ദൃഢമായി.

സാധാരണക്കാരനായി ടാറ്റ നിര്‍മ്മിച്ച നാനോ കാറുകളില്‍ ഒരെണ്ണത്തിനെ അടുത്ത ദിവസങ്ങളില്‍ അയാള്‍ സ്വന്തമാക്കി. ഒപ്പം പുതുതലമുറ ബാങ്കില്‍ നിന്നൊരു വായ്പയ്ക്കും അടിമയായി.

കാറെടുത്ത രണ്ടാമത്തെ ദിവസം പത്രം ഓഫീസില്‍ നിന്നുള്ള മടക്കയാത്രയില്‍ വീണ്ടും കാക്കി സംഘം അയാളെ തടഞ്ഞു. എന്തിനാണ് തടഞ്ഞതെന്ന ഭാവത്തില്‍ കാര്‍ ഒതുക്കി ഇറങ്ങിയ അയാളുടെ നേര്‍ക്ക് എസ്.ഐ പെറ്റി രസീത് നീട്ടി... സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള പെറ്റിയാണ്....

കാറിന്റെ താക്കോള്‍ മുറുകെ പിടിച്ചു തന്നെ അയാള്‍ രസീതിനായി കൈ നീട്ടി!!!